കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനില്‍ ബലിദാനികളുടെയും ദൈവങ്ങളുടെയും നേതാക്കളുടെയും പേരില്‍ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തതു ചോദ്യംചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
20 കൗണ്‍സിലര്‍മാര്‍ക്ക് കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു . ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണു വിഷയം പരിഗണിക്കുന്നത്.
പലരും ദൈവതുല്യരായി കാണുന്ന നേതാക്കളും മറ്റുമുണ്ടാകുമെന്നും എന്നാല്‍ അവരുടെ പേരിലുള്ള സത്യപ്രതിജ്ഞ ഉചിതമാണോയെന്നാണു പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദപ്രകാരം ദൈവനാമത്തിലുളള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണു വേണ്ടത്. ഇതിനു വിരുദ്ധമായ സത്യപ്രതിജ്ഞ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക്കാണു ഹര്‍ജി നല്‍കിയത്.